Saturday, November 27, 2010

റോപ് ഇന്‍ വിശേഷങ്ങള്‍ | എപിസോഡ് - 2


      ഗ്രൌണ്ടിലെ മഹാമഹം കഴിഞ്ഞത് കൊണ്ടാവണം പതിവില്ലാത്ത ഒരു ക്ഷീണം തോന്നാതിരുന്നില്ല. ഒരു തേവാരവും കഴിഞ്ഞ്  അല്‍പ്പസമയം ഒന്ന് വിശ്രമിക്കാം എന്ന് കരുതി ബെഡില്‍ കിടക്കുമ്പോഴാണ് ഹാളിന്റെ വിശാലത കണ്ണുകളില്‍ പതിയുന്നത്. എന്റെ ബെഡില്‍ നിന്നും നോക്കിയാല്‍ ഹാളിന്റെ അറ്റത്തുള്ള സ്റ്റേജ് വ്യക്തമായി കാണാം.  ഹാളിനെക്കുറിച്ച് കൂടുതല്‍ മനസിലാക്കാനായി ബെഡില്‍ നിന്നും എഴുന്നേറ്റ് ഞാന്‍ നേരെ കിഴക്കേ വശത്തേക്ക് നടന്നു.

      തൊട്ടടുത്ത് സ്ഥിതി ചെയ്യുന്ന പള്ളിക്ക് വേണ്ടി വര്‍ഷങ്ങള്‍ക്കു മുന്‍പ് പണി കഴിപ്പിച്ചതാണ്‌ ഈ പാരിഷ്‌ ഹാള്‍. പള്ളിയുടെ പല യോഗങ്ങള്‍ക്കും ചാരിറ്റി ആവശ്യങ്ങള്‍ക്കുമായി ഈ ഹാള്‍ ഉപയോഗിക്കുമായിരുന്നു. ഹാളിന്‍റെ പല ഭാഗങ്ങളും ചിതല്‍ ആക്രമിച്ചിരിക്കുന്നു. ഇവിടെ താമസം തുടങ്ങിയ അന്നുതന്നെ ഈ ഹാളിനെക്കുറിച്ച് പല അഭ്യൂഹങ്ങളും കേള്‍ക്കാന്‍ തുടങ്ങിയിരുന്നു. ഹാളിന്‍റെ അകത്തേക്ക് പ്രവേശിക്കാന്‍ ഒരു പ്രധാന കവാടവും പിന്നെ പലയിടത്തായി ചെറു കവാടങ്ങളും ഉണ്ട്. ഹാളിന്‍റെ പടിഞ്ഞാറ് വശം ഒന്ന് കാണാനായി ഞാന്‍ അങ്ങോട്ട്‌ നടന്നു. 

അടുത്ത് എത്തിയപ്പോഴാണ് ഒരു 110 KV ട്രാന്‍സ്ഫോര്‍മര്‍ പൊട്ടിത്തെറിച്ച പോലെ ആ ശബ്ദം എന്‍റെ കാതില്‍ പതിച്ചത്
 

"ഛെ..... ഇതില്‍ അതൊന്നും കാണില്ല.... ഇത് ചെറുത്‌..."
 

പറഞ്ഞു മുഴുമിക്കും മുന്‍പ് അടുത്ത അലര്‍ച്ച പുറകെ വന്നു

"എന്ടമ്മോ...."


കാര്യം മനസിലാകാതെ ഞാന്‍ ശബ്ദം കേട്ട സ്ഥലത്തേക്ക് ചെന്നു.


ക്യാമ്പിലെ ആളുകള്‍ക്ക് കുടിവെള്ളം സപ്പ്ളെ ചെയ്യാന്‍ വേണ്ടി പടിഞ്ഞാറേ വശത്ത് ഒരു ചെറിയ റൂമില്‍ സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ ഫില്ടറിനു മുന്‍പിലാണ് സംഭവം. 

ഒരു കയ്യില്‍ ഗ്ലാസ്സും മറ്റേ കൈ അരയിലും ഉറപ്പിച്ച് നില്‍ക്കുന്ന ഒരു സുഹൃത്തിന്‍റെ ഡയലോഗ് ആയിരുന്നു അത്. ഡലോഗിന്‍റെ ആഗാതത്തില്‍ തന്‍റെ കൈ അടുത്തുള്ളവന്‍റെ കരണത്ത് അടിച്ചതായിരുന്നു പുറകെ വന്ന അലര്‍ച്ചയ്ക്ക് പിന്നില്‍. "വാട്ടര്‍ ഫില്‍റ്ററില്‍ ആമ്ബ്ലിഫയര്‍ കാണുമോ..?" എന്ന തൊട്ടടുത്ത്‌ നില്‍ക്കുന്ന ഒരു സുഹൃത്തിന്‍റെ ചോദ്യത്തിനു  മറുപടിയായിരുന്നു നേരത്തെ കേട്ട ഡയലോഗ്. പുറകില്‍ കരണത്ത് അടികിട്ടിയ ആള്‍ തന്റെ പല്ലിന്‍റെ എണ്ണം പഴയ പോലെ ഉണ്ടോ എന്ന് ഉറപ്പു വരുത്തുന്ന കാഴ്ചയും കാണാമായിരുന്നു.

അവിടെ വെച്ചു തന്നെ ആ ഡയലോഗ് പറഞ്ഞ വ്യക്തിയെ ആദ്യമായി പരിചയപ്പെട്ടു. 

ഒരു കൊയിലാണ്ടി സ്വദേശി. എന്ത് കാര്യവും ചുറു ചുറുക്കോടെ ചെയ്യാനുള്ള താല്‍പ്പര്യം. ഫോട്ടോഗ്രാഫിയില്‍ ബിരുധാനന്ദര ബിരുദം. ആ ഒരു വ്യക്തിത്വം എന്‍റെ മനസില്ലേക്ക് പെട്ടെന്ന് കയറിപ്പറ്റി. 

അപ്പുറത്ത് നിന്ന്‍ പല്ലിന്‍റെ എണ്ണം എടുക്കുന്ന കൂട്ടുകാരനെ കണ്ടപ്പോള്‍ കുറച്ചു മാറി നിന്ന് കൊണ്ട് തന്നെ ഞാന്‍ കൊയിലാണ്ടി സ്വദേശിയോട് പേര് ചോദിച്ചു.

"വിമല്‍ രാജ്..."

ഞങ്ങള്‍ അവിടെ വച്ച്തന്നെ  നല്ല സുഹൃത്തുക്കളായി പിരിഞ്ഞു. ഹാളിന്‍റെ ഒരു ഏകദേശ രൂപവും സ്ഥിതിഗതികളും മനസില്ലായി ഒരു ഗ്ലാസ്‌ വെള്ളവും കുടിച്ച് ഒരല്‍പ്പസമയം മയങ്ങി.



കണ്ണ് തുറന്നപ്പോള്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഒരു മൈല്‍ അകലെ പഞ്ചസാര ഭരണി കണ്ടതുപോലെ എല്ലാവരും വരി വരിയായി പുറത്തേക്കു പോകുന്ന കാഴ്ചയാണ് കണ്ടത്. പിന്നെ ഒന്നും നോക്കിയില്ല. കിടക്കയില്‍ നിന്നും ചാടി എഴുന്നേറ്റ് കയ്യും കാലും മുഖവും കഴുകി വരിയുടെ പുറകിലായി വെച്ചു പിടിച്ചു. വരിയില്‍ തൊട്ടു മുന്‍പിലെ സുഹൃത്തിനോട്‌ കാര്യം തിരക്കി

"ഡേയ്.... എങ്ങോട്ടാ..?"

"ശ്ശ്... മിണ്ടാതെ നടന്നോ..."

"എങ്ങോട്ടാടെ....."

"ബ്രേക്ക് ഫാസ്റ്റ്...ബ്രേക്ക് ഫാസ്റ്റ്... കാന്ടീനിലേക്ക്..."

വരിയില്‍ എങ്ങും നിശബ്ധത. വരിയുടെ വശങ്ങളിലായി കാവല്‍ക്കാര്‍. മുന്‍പില്‍ വരിയെ യഥാര്‍ത്ഥ ദിശയിലേക്കു നയിക്കാന്‍ ഒരു പ്രധാന സീനിയര്‍ ഭടന്‍. പോകുന്ന പോക്ക് കണ്ടാല്‍ അവസാനത്തെ ബ്രേക്ക് ഫാസ്റ്റ് ആണോ എന്ന് തോന്നിപ്പോകും. കാവല്‍ ഭടന്മാരുടെ അകംഭടിയോടെ സൈന്യം കാന്ടീനിലേക്ക്..

കാന്‍റീന്‍ എത്തി. നാട്ടില്‍ മരമില്ല് നടത്തുന്ന രാമുണ്ണിഏട്ടന്‍ പുതിയ ബ്രാഞ്ച് ഇട്ടോ എന്ന് സംശയിച്ചു പോയി.



വരിയില്‍ ഞങ്ങളെ നയിച്ചിരുന്ന സീനിയര്‍ ഭടന്‍ ഒരു ശ്വാസത്തില്‍ തന്നെ  ഉത്തരവിട്ടു..

"പ്ലേറ്റ് ഈസ്‌ ദേര്‍....വാഷ്‌ ദി പ്ലേറ്റ്.... ടേക്ക് ദി ഫുഡ്‌.. ബി സൈലന്റ്... ആന്‍ഡ്‌ വാഷ്‌ ദി പ്ലേറ്റ്."
"ഫോളോ ദിസ്‌ എവരി ഡേ"

ഞങ്ങള്‍ കുറച്ചു പേര്‍ മുഖത്തോട് മുഖം നോക്കി നിന്നു. ഞാന്‍ അടുത്തുള്ള സുഹൃത്തിനോട്‌ സ്വകാര്യമായി  കാര്യം തിരക്കി.

"ശ് ശ് ....എന്തോന്നടെയ് ഇത്.... അവന്‍ എന്തായിരിക്കും ഉദ്ദേശിച്ചത്..??"

"പ്ലേറ്റ് കഴുകാനായിരിക്കും..." എന്ന് സുഹൃത്തും.. 


"ഇതിപ്പോ പ്ലേറ്റ് കഴുകനാണോ ഇത്രയും ദൂരം കുറ്റീം പരിചോണ്ട് വന്നത്...??... ആകെ കണ്‍ഫ്യൂഷന്‍ ആയല്ലോ..."
 
ഞാന്‍ മെല്ലെ ആ സീനിയരോട് കാര്യം ചോദിച്ചു.. 

"അതെ ഫുഡ്‌ കഴിക്കാമല്ലോ അല്ലെ...."

പെട്ടെന്നായിരുന്നു ആ പ്രതീക്ഷിക്കാത്ത മറുപടി.. 


"സ്പീക്ക്‌ ഇന്‍ ഇംഗ്ലീഷ്..... ഐ ടോള്‍ഡ്‌ യു നാ...."

ഇടി വെട്ടേറ്റവന്റെ  തലയില്‍ തേങ്ങ വീണ പോലെ ആയി എന്റെ അവസ്ഥ. 


അങ്ങനെ ഒരു തരത്തില്‍ ഭക്ഷണവും  കഴിഞ്ഞു ക്യാമ്പിലേക്ക് തിരിച്ചെത്തി.. ബ്രേക്ക്‌ ഫാസ്റ്റിന്റെ മഹത്വം കൊണ്ടാവണം, ഹാളിലേക്ക് പോയ വരി രണ്ടായി പിരിഞ്ഞു.. ഒന്ന് ബാത്ത് റൂമിലോട്ടും മറ്റൊന്ന് അവരവരുടെ ശയ്യയിലോട്ടും. 


എന്റെ തൊട്ടടുത്ത്‌ തന്നെ നമ്മുടെ കൊയിലാണ്ടി സ്വദേശി ഉണ്ടായിരുന്നു....


 "ഹലോ രാജ്.... വിമല്‍ രാജ്....എങ്ങനെ ഉണ്ട് ഫുഡ്... "


"ഇതൊക്കെ എന്ത് ഫുഡ്... വീട്ടിലെ ഫുഡ് കഴിക്കാന്‍ തോനുന്നു മോനെ..."

"ഇലക്ട്രോണിക്സ നല്ല വശമാണല്ലേ....??"  ഞാന്‍ തിരക്കി.


"അങ്ങനെ ഒന്നും ഇല്ലപ്പാ... കുറെയൊക്കെ കാര്‍ സ്ടീരിയോ നന്നാക്കാന്‍ അറിയാം.. പിന്നെ ഓഡിയോ അമ്പ്ലിഫ്യേര്‍ തുടങ്ങിയവയൊക്കെ..."


ഞങ്ങളുടെ സംഭാഷണം നീണ്ടു... സമയം ഒരു പാട് കടന്നു പോയി.... amplifier നെ കുറിച്ച്  പറയുമ്പോള്‍ അവന്റെ കണ്ണുകളിലെ തീക്ഷ്ണമായ ഒരു ജ്വാല എന്റെ ശ്രദ്ധയില്‍ പെട്ടു. ന്യൂറോസിസില്‍ തുടങ്ങി സൈക്കോസിസിന്റെ സംഗീര്‍ണമായ മേഖ്‌ലകളിലൂടെ സഞ്ചരിച്ചു ഒരു വല്ലാത്ത അവസ്ഥയിലെത്തി നില്‍ക്കുകയായിരുന്നു രാജ് അവിടെ. ഈ സമയത്ത് രാജിന്റെ ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന ആ ഒരു ചിത്തത്തിനു കൈ വന്ന അമാനുഷിക ശക്തി കാരണമാണ് രാവിലെ ഒരുത്തന്റെ പല്ല് പോയത് എന്ന് പിന്നീട് എനിക്ക് മനസിലായി.. കുറച്ചു നേരം സംസാരിച്ചു ഞാന്‍ വീണ്ടും മയങ്ങാല്‍ കിടക്കയിലേക്ക് പോയി... രാജ് തെക്ക്നിയിലെക്കും.

ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ചുരുക്കം ചില  ശുദ്ധ വ്യക്തികളില്‍ ഒരാളാണ് രാജ്.... നാടിനോടും വീടിനോടും ഒരുപാട് ഇഷ്ടവും  അതിലുപരി ആരോടും പെട്ടെന്ന് സൌഹൃദം സൃഷിടിക്കാനും കഴിയുന്ന ഒരു പ്രിയ സുഹൃത്ത്‌.  




ശേഷം അടുത്തലക്കം..
സ്വന്തം കൂട്ടുകാരന്‍...

Sunday, November 14, 2010

റോപ് ഇന്‍ വിശേഷങ്ങള്‍ | എപിസോഡ് - 1


ഡിം.... ട്ടോ....
കണ്ണു തുറന്നു നോക്കിയപ്പോള്‍ കണ്ടത് ഒരു വിശാലമായ ഹാള്‍. അതൊരു പതിവുകാഴ്ച്ച  അല്ലാത്തതുകൊണ്ട്  വീണ്ടും കിടന്നു. ഞാന്‍ സ്വപ്നത്തില്‍ ആണെന്ന് എന്നെത്തന്നെ വിശ്വസിപ്പിച്ചു. 
"ഹലോ... എഴുന്നേല്‍ക്കുന്നില്ലേ.." 
വീണ്ടും ഉറക്കം പോയി. കണ്ണ് തുറന്നപ്പോള്‍ ദാ നില്‍ക്കുന്നു ഒരു കാക്കി ട്രൌസറും വെളുത്ത ബനിയനും ഇട്ടു മുഖ്‌ത്തു ഒരു നിഷ്കളങ്കമായ  പുഞ്ചിരിയോടെ ഒരാള്‍ .ആ പുഞ്ചിരി മുഖ്‌ത്ത് നിന്നും മായാതെ തന്നെ അടുത്ത ചോദ്യം
   "എഴുന്നേല്‍ക്കുന്നില്ലേ.. "
   "ആ ....ദാ എണീറ്റു...." എന്ന് ഞാനും
ബോധം തെളിയാന്‍ അല്‍പ്പ സമയം വേണ്ടി വന്നു... കുറച്ചു നേരം ബെഡ്ഡില്‍ തന്നെ ഇരുന്നു.. കുറെ പേര്‍ ബക്കറ്റുമായി ഒരു ഭാഗത്തേക്ക് പായുന്നു.. മറ്റു ചിലര്‍ വെള്ള പൂശിയ എന്ന് തോന്നിക്കുന്ന ഷൂ എടുത്തിടുന്നു. ആകെക്കൂടി ഒരു മില്ട്രി സെറ്റപ്പ്...
ഞാന്‍ ബെഡ്ഡില്‍ ഇരുന്നു കൊണ്ട് തന്നെ എന്നെ എഴുന്നേല്‍പ്പിച്ച സുഹൃത്തിനോട്‌ കാര്യം തിരക്കി. 
"അതെ... എന്താ സംഭവം..?"
"മനസിലായില്ലേ.. റോപ് ഇന്‍ പ്രോഗ്രാം.... എല്ലാവരും പെട്ടെന്ന് യുണിഫോം ഇട്ടു ഗ്രൗണ്ടില്‍ ചെല്ലണം... പെട്ടെന്ന് റെഡിയായിക്കോ.."  
ചിരി മായാതെ തന്നെ ആ സുഹൃത്ത്‌ മറുപടി പറഞ്ഞു.
റോപ് ഇന്‍ പ്രോഗ്രാം തുടങ്ങി.  പുതുതായി ജോയിന്‍ ചെയ്ത വിദ്യാര്‍ഥികളെ വാര്‍ത്തെടുക്കാനുള്ള മഹാമഹം. ഒന്നുരണ്ടു ആഴ്ച ഇനി ഇതുപോലെ തള്ളി നീക്കണം.

ഒരു ഗാഡനിദ്രയില്‍ നിന്നും എന്നെ എഴുന്നേല്‍പ്പിച്ച ആ നല്ല സുഹൃത്തിനെ ഞാന്‍ പരിചയപ്പെട്ടു. ചിരിച്ചുകൊണ്ട് തന്നെ ഞാനും ചോദിച്ചു
"പേരെന്താ....?"
"ഷിനോജ്.. "  
"സ്ഥലം..?"
"കോഴിക്കോട്"
വളരെ ഒതുങ്ങിയ ഒരു വ്യക്തിത്വം. പിന്നെ ഞങ്ങള്‍ കുറെ നേരം പരസ്പരം കത്തിവെച്ചിരുന്നു. കുറച്ചു നേരം സംസാരിച്ചപ്പോള്‍ തന്നെ ആളെ എനിക്കിഷ്ടമായി.

കത്തിയൊക്കെ കഴിഞ്ഞു ബക്കറ്റുമായി മെല്ലെ ബാത്ത് റൂമിലേക്ക്‌...
അവിടെ എത്തിയപ്പോഴേക്കും... ആ കാഴ്ച കണ്ടു ഞെട്ടിത്തരിച്ചുപോയി ....
കഴിഞ്ഞ വിഷുവിനു നാട്ടിലെ ബീവരെജ്  കടയില്‍ കണ്ട അതെ തിരക്ക് ഒന്നുകൂടി കാണാന്‍ കഴിഞ്ഞു.

എല്ലാം പുതിയ മുഖങ്ങള്‍..... എല്ലാവരുടെയും കയ്യില്‍ വിവിധ വര്‍ണത്തില്‍ ഉള്ള ബക്കറ്റുകള്‍... ഒരു വമ്പന്‍ ക്യൂ തന്നെ ഉണ്ട്. ഞാന്‍ ക്യൂവില്‍ ഏറ്റവും ഒടുവിലായി നിന്നു.

ക്യൂവില്‍ എന്‍റെ തൊട്ടു മുന്‍പിലുള്ള സുഹൃത്തുമായി ചങ്ങാത്തം തുടങ്ങി.. ഒരു പേരാംബ്ര സ്വദേശി..... കണ്ടാല്‍ ഒരു കോമഡി കഥാപാത്രം. എന്തും വെട്ടിത്തുറന്നു പറയുന്ന പ്രകൃതം.  സംസാരിക്കാന്‍ വേറെ വിഷയമൊന്നും  ഇല്ലാത്തതുകൊണ്ട് ഞാന്‍ ചോദിച്ചു....
"ഇവിടെ ടോട്ടല്‍ എത്ര ബാത്ത് റൂം ഉണ്ട്...?"
"മൂന്നെണ്ണം ആണെന്ന് തോന്നുന്നു കേട്ടോ.... എന്താടോ അങ്ങനെ ചോദിച്ചേ...?" 
"ഏയ്.. വെറുതെ.. തിരക്കു കണ്ടിട്ട് ചോദിച്ചതാ.." എന്ന് ഞാനും...
സംസാരത്തിനിടയില്‍ ഒരു പട്ടി പെട്ടെന്ന് ഞങ്ങളുടെ ഇടയിലൂടെ കടന്നു പോയി.
"എന്ടമ്മോ...... " എന്നലറി വിളിച്ചു പെരാംബ്രാക്കാരന്‍ പുറകോട്ടു ചാടി....

ക്യു വില്‍ ബക്കറ്റുമായി മാനത്തോട്ടു നോക്കി നില്‍ക്കുമ്പോളാണ് ഒരു സ്വാന്തനം എന്ന പോലെ മധുരമായ ഒരു ഗാനം ഓടിയെത്തുന്നത്....
"അന്ത..അറബിക്കടലോരം... അഴകേ കണ്ടേനെ.. ഹമ്മ... ഹമ്മ.... ഹമ്മ ഹമ്മ ഹമ്മ.." 
പാട്ട് കേട്ട ദിക്കിലേക്ക് എന്‍റെ കണ്ണും കാതും പോയി.  സംഗതി കത്തി....
മൂന്ന് ബാത്ത് റൂമില്‍ ഒന്നിന് വാതിലില്‍ കുളത്തില്ല.   ഉള്ളിലിരിക്കുന്നവന്‍ അലമുറയിട്ടു പാടുകയാണ്.... ആളാരാണെന്ന് മനസിലായില്ല.

അല്‍പ്പം വൈകിയിട്ട് ആണെങ്കിലും എല്ലാം കഴിഞ്ഞു ഗ്രൗണ്ടില്‍ എത്തി.

ഗ്രൗണ്ടില്‍ തലപ്പന്ത് കളിയും കബഡി കളിയും പ്രതീക്ഷിച്ച എനിക്ക് തെറ്റി.  ഗ്രൌണ്ടിനു ചുറ്റും ഓടാന്‍ ഉത്തരവ് വന്നു. എല്ലാവരും ഓട്ടം തുടങ്ങി.. ചുരുക്കിപ്പറഞ്ഞാല്‍ സൈഡ് ആകുന്നതു വരെ ഓടണം.  രണ്ടു റൌണ്ട് മുഴുമിച്ചില്ല... ഗ്രൌണ്ടിന്റെ കിഴക്ക് ഭാഗത്തായി ഒരാള്‍ സൈഡ് ആയി എന്നറിഞ്ഞു. എന്ത് പറ്റി എന്ന് അന്വേഷിക്കാന്‍ സമയമില്ല. ഓട്ടം തുടരേണ്ടതുണ്ട്.

ഓരോ റൌണ്ട് കഴിയുമ്പോളും ഗ്രൌണ്ടിന്റെ പല ഭാഗങ്ങളിലായി ഓരോരുത്തര്‍ സൈഡ് ആവാന്‍  തുടങ്ങി.  ആദ്യം സൈഡ് ആയ മനുഷ്യന്‍ പിന്നെ പിന്നെ വരുന്നവരെയെല്ലാം പുഞ്ചിരിയോടെ വരവേല്‍ക്കുന്നത് ഓടുന്നതിനിടയില്‍ കാണാമായിരുന്നു.
ബോധം പോകുമെന്നായപ്പോള്‍ ഞാനും ഒന്ന് സൈഡ് ആകാന്‍ തീരുമാനിച്ചു. ഗ്രൌണ്ടിന്റെ കിഴക്ക് വശത്ത് ആദ്യം സൈഡ് ആയ സുഹൃത്തിന്‍റെ അടുത്ത് പോയി ഇരുന്നു. ഞാന്‍ പേര് ചോദിച്ചു...
"ല..... ല... ലജിത്ത്.."  കിതച്ചു കൊണ്ട് മറുപടി പറഞ്ഞു.
ഗ്രൌണ്ടിന്റെ സൈഡില്‍ നിന്നും നോക്കിയാല്‍ ഒരു യുദ്ധം കഴിഞ്ഞ് ഒരു തുള്ളി ദാഹജലത്തിനായി കൊതിക്കുന്ന സുഹൃത്തുക്കളെ കാണാം.

ഓട്ടവും ചാട്ടവും കഴിഞ്ഞ് ഒരു ആനയെ തിന്നാനുള്ള വിശപ്പോടെ തിരിച്ചു റൂമില്‍ എത്തി.. കാംബ് എന്ന് പറയുന്നതായിരിക്കും ഉചിതം.

അങ്ങനെ കത്തിവെക്കാന്‍ ആളെ തപ്പി നടക്കുമ്പോഴാണ് ആ കാഴ്ച കണ്ടത്.

ഹനുമാന്‍ ധ്രോണഗിരി പര്‍വ്വതം എടുത്തു പറക്കുന്നത് പോലെ ഒരാള്‍ ഹാളിന്‍റെ മൂലയില്‍ കിടന്നിരുന്ന വലിയ ടേബിള്‍ ഫാന്‍ ഒരു കയ്യില്‍ എടുത്തു കൊണ്ട് പോകുന്നു. കുറച്ചു നേരം ആ കാഴ്ച കണ്ടിരുന്നു. തന്‍റെ ബെഡിലെക്ക് കാറ്റ് കിട്ടുന്ന വിധത്തില്‍ ഫാനിനെ പല പല പോസില്‍ വെച്ച് പരീക്ഷണം നടത്തുന്നുണ്ട്.
ഒന്ന് സഹായിച്ചു കളയാം എന്ന് കരുതി അടുത്തേക്ക് ചെന്നു.

കോഴിക്കോട് സ്വദേശി... സല്‍മാന്‍ എന്ന് സ്വയം വിശേഷണം... ആള് സ്മാര്‍ട്ട്‌ ആണ്.  കാര്യങ്ങള്‍ അതിന്‍റേതായ പക്ക്വതയോടുകൂടി ചെയ്തു കൊണ്ടിരിക്കുന്നു.  കുറച്ചു നേരം അതും കണ്ടങ്ങനെ ഇരുന്നു. ഇടയ്ക്കിടയ്ക്ക് ചില കത്തിയും...
കത്തിയും കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നടന്നു. പുള്ളി ഫാനിന്മേല്‍ പരീക്ഷണം തുടര്‍ന്നു കൊണ്ടിരുന്നു. ഒപ്പം ഒരു പാട്ടും.
"അന്ത..അറബിക്കടലോരം... അഴകേ കണ്ടേനെ.. ഹമ്മ... ഹമ്മ.... ഹമ്മ ഹമ്മ ഹമ്മ.." 
ഒരു നിമിഷം സ്തംബിതനായി പണ്ട് മലയാളം പഠിപ്പിച്ച വാര്യര്‍ സാറെ മനസ്സില്‍ ഓര്‍ത്തു..
"മറ്റൊന്നിന്‍ ധര്‍മയോഗത്താല്‍... ലത് തന്നെയല്ലേ... ധിദ്..."